അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരോദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ പായൽ കുക്രാനിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി പിതാവും ഗുജറാത്ത് കലാപ കേസ് പ്രതിയുമായ മനോജ് കുക്രാനി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട ആളാണ് മനോജ് കുക്രാനി. 2015-മുതൽ ജാമ്യത്തിലുള്ള മനോജ് കുക്രാനി ഇപ്പോൾ മകൾക്കുവേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. നരോദയിലെ സിറ്റിങ് എംഎൽഎ ബൽറാം തവാനിയെ മാറ്റിയാണ് ഇവർക്ക് സീറ്റ് നൽകിയത്.
നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തിൽ നിന്നാണ് ബിജെപി പായലിനെ മത്സരിപ്പിക്കുന്നത്. 2002-ലെ ഗുജറാത്ത് കലാപത്തിൽ നരോദയിൽ 97 പേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിൻ്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പേരിൽ ഒരാളാണ് പായലിൻ്റെ പിതാവ്. 2012-ലാണ് മനോജ് കുക്രണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കലാപത്തിലെ പ്രതികൾക്ക് ബിജെപി നേരിട്ടു പ്രതിഫലംകൊടുക്കുന്നതിൻ്റെ തെളിവാണ് പായൽ കുക്രാനിയുടെ സ്ഥാനാർഥിത്വമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം പിതാവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി കോടതിയുടെ പരിഗണനയിലാണെന്നാണ് മനോജ് പ്രചാരണത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പായലിൻ്റെ മറുപടി.
‘എൻ്റെ പിതാവ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാണ്. പിതാവിന് ശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇതിനെതിരെ ഞങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും അതിനെതിരെ പോരാടുകയാണ്. പക്ഷേ, എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത് എൻ്റെ അച്ഛനും അമ്മയും എല്ലാ ബിജെപി നേതാക്കളും എൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്നെ സഹായിക്കുന്നു. വിഷയം വികസനമാണ്. അതിൽ ഞങ്ങൾ വിജയിക്കും’, പായൽ പറഞ്ഞു.