കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബി.ജെ.പിയിലെത്തുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. ശശി തരൂരിന് വോട്ട് ചെയ്തവർ മാത്രമാണ് കോൺഗ്രസിലെ ജനാധിപത്യവാദികളെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹിമന്ത ബിശ്വ ശർമയുടെ പരാമർശം. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ്മ 2015ലാണ് ബിജെപിയിൽ ചേർന്നത്.
“കോൺഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിൻ്റെ ഫലം വോട്ടെണ്ണലിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. കോൺഗ്രസിലെ ജനാധിപത്യവാദികൾ 1000 പേർ മാത്രമാണ്. അവർ ശശി തരൂരിന് വോട്ട് ചെയ്യാനുള്ള ധൈര്യം കാണിച്ചു. അവർ ഉടൻ തന്നെ ബി.ജെ.പിയിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”-
ഒക്ടോബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മല്ലികാർജ്ജുൻ ഖാർഗെ വിജയിച്ചിരുന്നു. ആകെ പോൾ ചെയ്ത 9385 ഖാർഗെയ്ക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുമാണ് ലഭിച്ചത്. 416 വോട്ടുകൾ അസാധുവായിരുന്നു. 24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ. അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ശശി തരൂർ പക്ഷം തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.