ദില്ലി: ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. കർശന വ്യവസ്ഥകളോടെയാണ് ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രിംകോടതിയുടെ നിർദേശം. ഗൗതം നാവ്ലാഖ 2018 ഓഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്ലാഖ കോടതിയെ അറിയിച്ചിരുന്നു. കാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
പൂണെയിലെ ഭീമാ കൊറേഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിൻ്റെ 200ാം വാർഷികം 2018 ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടി. അത് കലാപത്തിലേക്കും വഴിവച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഡിസംബർ 31ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിൻ്റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ഭീമാ കൊറേഗാവിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റിൽ ഗൗതം നവ്ലഖയടക്കമുള്ള സാമൂഹ്യപ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്.