ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 8 വയസ്സുകാരിയെ വയോധികൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. പ്യാരേലാൽ എന്ന 60 കാരനാണ് ബാലികയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസെടുത്തതായി അറിഞ്ഞ പ്യാരേലാൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി മെഴുകുതിരി കയറ്റിയാതായി വൃന്ദാവൻ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സൂരജ് പ്രകാശ് ശർമ്മ പറഞ്ഞു. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടി സംഭവം വീട്ടുകാരോട് പറയുകയും രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസെടുത്തതായി സംശയം തോന്നിയതോടെ ഇയാൾ വിഷം കലർത്തി കഴിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അവശനിലയിലായിരുന്ന പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്യാരേലാൽ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.