പട്ന: ബിഹാറിലെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നു. ബീഹാറിലെ കതിഹാറിലാണ് സംഭവം. ബിജെപി മുൻ ജില്ലാ പ്രസിഡന്റും തെൽറ്റ ഗ്രാമം സ്വദേശിയുമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. തെൽറ്റയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ഇയാൾക്ക് നേരെ ബൈക്കിൽ എത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയേറ്റ് അയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രദേശത്തുണ്ടായ ഒരു സംഘർഷത്തിൻ്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിൻ്റെ വിശദീകരണം. മിശ്രയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.