കൊൽക്കത്ത: ബിജെപി ബംഗാൾ ഘടകം നിയമവിഭാഗം തലവൻ ലോകേനാഥ് ചാറ്റർജിക്കെതീരെ ലൈംഗിക പീഡന പരാതി. ബിജെപി ഐടി സെൽ അംഗമായ മനീഷ് ബിസ്സയാണ് പൊലീസിൽ പരാതി നൽകിയത്. ചാറ്റർജി തന്നെ സിക്കിമിലേക്കുള്ള യാത്രക്കിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ബിസ്സ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ബിസ്സ പരാതി നൽകിയിട്ടുണ്ട്.
തന്നെ എതിർത്താൽ സിക്കിമിലെ മലഞ്ചെരിവിൽ നിന്ന് വലിച്ചെറിയുമെന്ന് ചാറ്റർജി തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു. കൊൽക്കത്തയിൽ മടങ്ങിയെത്തിയ ശേഷമാണ് ബിസ്സ കൊൽക്കത്ത പൊലീസിൽ പരാതി നൽകിയത്. പൊലീസ് ബിസ്സയുടെ മൊഴിയെടുത്തു. പോസ്ത പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 120ബി, 323,342,506(2). 295എ, 377, 511 വകുപ്പുകൾ പ്രകാരമാണ് ലോകേനാഥ് ചാറ്റർജി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തത്. രാകേഷ് കുമാർ രാഹുൽ, ബിനോദ് സിങ് എന്നിവരാണ് മറ്റ് പ്രതികൾ.