കൊച്ചി: എണ്ണക്കമ്പനികൾ വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ഇന്ധനവില കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിങ് പുരി. കൊച്ചിയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നപ്പോൾ ഡീസൽ ലിറ്ററിന് നാലു രൂപ എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടായതായി താൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നെന്നും അതുകൊണ്ട് എണ്ണവില ഉടൻ ഉയരുമെന്നും കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അഞ്ച് മാസത്തിനിടെ ക്രൂഡ് വീപ്പയ്ക്ക് 29.18 ഡോളർ (ഏകദേശം 2416 രൂപ) കുറഞ്ഞിട്ടും ഇന്ധനവില കുറച്ചിട്ടില്ല. ക്രൂഡിന് 123.58 ഡോളർ വിലയുള്ളപ്പോൾ ഈടാക്കിയ അതേ വിലയാണ് ഇപ്പോൾ എണ്ണവില 94.80 ഡോളറിലേക്ക് കുറഞ്ഞപ്പോഴും ഈടാക്കുന്നത്. അത് വിമർശനത്തിന് ഇടയാക്കുമ്പോഴാണ് വില കുറയ്ക്കാത്തതിനെ കേന്ദ്രമന്ത്രി ന്യായീകരിക്കുന്നത്. കൊച്ചിയിൽ ഉടൻ നടപ്പാക്കുന്ന വാട്ടർ മെട്രോ അഭിനന്ദനാർഹമായ പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.