ദില്ലി: ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി പിന്മാറിയാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനിനെയും അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാമെന്നാണ് ബിജെപി തനിക്ക് മുന്നിൽ വെച്ച വാഗ്ദാനമെന്ന് കെജ്രിവാൾ. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച് വന്നാൽ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെയാണ് അവർ ഇപ്പോൾ തൻ്റെ അടുത്തേക്ക് വന്നിരിക്കുന്നത് എന്ന് ഒരു ദേശിയ മാധ്യമത്തോട് കെജ്രിവാൾ പറഞ്ഞു.
‘എഎപി വിട്ട് ഡൽഹി മുഖ്യമന്ത്രിയാകാനുള്ള ബിജെപി വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ അവർ ഇപ്പോൾ എന്നെ സമീപിച്ചു. നിങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയാൽ സത്യേന്ദർ ജെയിനിനെയും സിസോദിയയെയും വെറുതേവിടാം, അവർക്കെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്നും അവർ വാഗ്ദാനം ചെയ്തു.’ എന്നാൽ ആരാണ് ഡീൽ നൽകിയതെന്ന ചോദ്യത്തിന്, ‘എനിക്ക് എങ്ങനെ എൻ്റെ സ്വന്തം ഒരാളുടെ പേര് നൽകാനാവും.. അവർ വഴിയാണ് ഓഫർ വന്നത്. ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.