ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. രാജിവെച്ച ജയ് നാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. 2012 ന് ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നീക്കുകയാണ് വ്യാസ്. പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയപ്പോഴും സംഘടനയ്ക്കകത്തെ വെട്ടിനിരത്തിലിനെക്കുറിച്ചാണ് ജയ് നാരായൺ തുറന്നടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തിയ അശോക് ഗെലോട്ടിനെ കണ്ട ജയ് നാരായൺ വ്യാസ് കോൺഗ്രസിലേക്കെന്ന സൂചന തന്നെയാണ് നൽകുന്നത്. വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് രാജിയെന്നാണ് സൂചന.
അതേസമയം ഗുജറാത്തിൽ ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നാവശ്യപ്പെട്ട് എഎപി നടത്തിയ അഭിപ്രായ സർവേയിൽ ഇസുദൻ ഗദ്‌വി 73 ശതമാനം വോട്ടുകൾ നേടി. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗാഥവി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടി വി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു.
രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം ഡിസംബർ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് 93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒന്നിച്ച് ഡിസംബർ എട്ടിന് നടക്കും.