മോർബി: ഗുജറാത്തിൽ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിർമ്മാണത്തിൽ നടന്നത് വൻവെട്ടിപ്പ്. പാലത്തിൻ്റെ അറ്റക്കുറ്റപണികൾക്കായി രണ്ട് കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇതിൽ 12 ലക്ഷം മാത്രമാണ് ചെലവാക്കിയതെന്നാണ് റിപ്പോർട്ട്. പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കൽ മാത്രം നടന്നത് എന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. കരാർ ലഭിച്ച ഒവേര കമ്പനിക്കോ അവർ ഉപകരാർ നൽകിയ കമ്പനിക്കോ പാലം നിർമ്മാണത്തിൽ മുൻ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.
ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോർബിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസർ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. തൂക്ക് പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പാലത്തിൻ്റെ അറ്റകുറ്റ പണിയിൽ സർവത്ര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അറസ്റ്റിലായ ഒമ്പത് ജീവനക്കാരിൽ നാല് പേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വീഴ്ച്ചകൾ എണ്ണിപ്പറയുന്നത്.
ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടിരുന്നത്. എന്നാൽ പഴയ കമ്പികൾ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയമാണ് ഉപയോഗിച്ചത്. ഇത് പാലത്തിന് ഭാരം കൂട്ടി. ആ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്നുകൊടുക്കുകയും ചെയ്തു.