ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ‘ഞാൻ നിങ്ങളുടെ സഹോദരനാണ്, കുടുംബാംഗം. എനിക്ക് ഒരു അവസരം തരൂ. ഞാൻ നിങ്ങൾക്ക് സൗജന്യ വൈദ്യുതി തരാം. സ്കൂളുകളും ആശുപത്രികളും നിർമിച്ചുതരാം. നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’. ട്വിറ്ററിലടക്കം പങ്കുവെച്ച വീഡിയോയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ.
ഡിസംബർ ഒന്നിനും അഞ്ചിനുമായി ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ‘തങ്ങൾ തീർച്ചയായും വിജയിക്കും’ എന്ന് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ പ്രാവിശ്യം ഗുജറാത്തിലെ ജനങ്ങൾ വലിയ മാറ്റത്തിന് തയ്യാറാണെന്നും അദ്ദേഹം കുറിച്ചു. ഇതിന് ശേഷമാണ് ‘ഗുജറാത്തിലെ ജനങ്ങൾക്കുള്ള ‘എൻ്റെ സ്നേഹ സന്ദേശം’ എന്ന പേരിൽ ഗുജറാത്തിയിലുള്ള ഒരു മിനിട്ട് വീഡിയോ പുറത്തുവിട്ടത്. ഇസുദൻ ഗാധ്വിയാണ് ഗുജറാത്തിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നാവശ്യപ്പെട്ട് എഎപി നടത്തിയ അഭിപ്രായ സർവേയിൽ ഇസുദൻ ഗദ്വി 73 ശതമാനം വോട്ടുകൾ നേടി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്വി.
130 പേർ കൊല്ലപ്പെട്ട മോർബി തൂക്കുപാലത്തകർച്ചയിൽ ബിജെപിക്കെതിരെ അഴിമതി ആരോപണവും എഎപി ഉന്നയിക്കുന്നുണ്ട്. പഞ്ചാബിന് ശേഷം ഗുജറാത്തിലും വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. 182ൽ 90-95 സീറ്റുകൾ ഞങ്ങൾ വിജയിക്കും. ഇതേ ആവേശം തുടർന്നാൽ 140-150 സീറ്റുകൾ വരെ ലഭിക്കും’ എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇക്കുറി 182 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. 2017ൽ 30 സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിലും ഒരു സ്വാധീനവുമുണ്ടാക്കാൻ പാർട്ടിക്കായിരുന്നില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തങ്ങളാണ് മുഖ്യപ്രതിപക്ഷമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ആംആദ്മി പാർട്ടി ഇക്കാര്യം സമ്മതിക്കുന്നില്ല. കോൺഗ്രസ് അവഗണിക്കപ്പെടുകയും തീരുകയും ചെയ്തുവെന്നും ബിജെപിയുമായി സൗഹൃദ മത്സരം നടത്തുകയാണെന്നുമാണ് എഎപി ആരോപിക്കുന്നത്. ഗുജറാത്തിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസവും മൊഹല്ല ക്ലിനിക്കുകളും നൽകാനാണ് എഎപി ഒരുങ്ങുന്നതെന്നാണ് ഭരദ്വാജ് എംഎൽഎ അവകാശ വാദം ഉന്നയിക്കുന്നത്.
നേരത്തെ ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വയ്ക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.