ദില്ലി: ഗവർണറുടെ നീക്കങ്ങളും പ്രതികരണങ്ങളും അസ്വീകാര്യതയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണറുടെ നീക്കങ്ങൾ അങ്ങേയറ്റം എതിർക്കപ്പെടണമെന്നും ഗവർണറുടെ നിലപാടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഇടപെടലുകളെ എതിർക്കാൻ, ദേശിയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ കൂടിയാലോചനകൾ നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
ഗവർണർ ആർഎസ്എസിൻ്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഇദ്ദേഹത്തിന് പാർട്ടി എന്താണെന്നോ കേരളം എന്താണെന്നോ ഒരു ധാരണയും ഇല്ല. ഗവർണർ ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. തരം താഴ്ന്ന രീതിയിലേക്ക് അദ്ദേഹത്തിൻ്റെ പ്രതികരണം പോകുന്നു. പ്രതിപക്ഷത്തിൻ്റെ നിലവാരം പോലും ഇല്ല. മഞ്ഞപ്പത്രങ്ങൾക്ക് സമാനം ആണ് ഇപ്പോൾ ഗവർണറുടെ പ്രതികരണങ്ങൾ. എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പം എന്ന് ചോദിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ തിരിച്ചു പറയുന്നത്. അത് തെളിയിക്കേണ്ട കാര്യമില്ല ,അദ്ദേഹം തന്നെയാണ് പറഞ്ഞത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.