രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് ക്യാമ്പുകൾ പരസ്പരം ഏറ്റുമുട്ടുന്നു. പാർട്ടിയുടെ അച്ചടക്കം ലംഘിച്ച എംഎൽഎമാരെ പുറത്താക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ ആവശ്യപ്പെട്ടു. എന്നാൽ നടപടി എടുക്കണമെന്ന് പറയുന്നവരുടെ മുൻകാല ചരിത്രം കൂടി ഓർക്കണമെന്ന് ജലമന്ത്രി മഹേഷ് ജോഷി പറഞ്ഞു.
അച്ചടക്കമില്ലായ്മയുടെ പേരിൽ എഐസിസി നോട്ടീസ് നൽകിയവർക്കെതിരെ പാർട്ടി ഉടൻ നടപടിയെടുക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിമാരുടെ പ്രതികരണം. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 13 മാസം മാത്രമേ ബാക്കിയുള്ളൂവെന്നും സിഎൽപി യോഗം പോലെ എന്ത് തീരുമാനങ്ങളെടുത്താലും എഐസിസി അത് ഉടൻ എടുക്കണം. പാർട്ടിയുടെ നിയമങ്ങളും അച്ചടക്കവും എല്ലാവർക്കും ബാധകമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൈലറ്റ് പറഞ്ഞിരുന്നു. അശോക് ഗെഹ്‌ലോട്ട് പാർട്ടി വിട്ടേക്കുമെന്ന പരോക്ഷ പ്രസ്താവനയും സച്ചിൻ പൈലറ്റ് നടത്തിയിരുന്നു.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം അവശേഷിക്കെ മന്ത്രിമാർ പരസ്പരം ഏറ്റുമുട്ടിയത് കോൺഗ്രസിന് തിരിച്ചടിയായി. വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജസ്ഥാൻ കോൺഗ്രസിൽ പ്രശ്നങ്ങൾ വഷളാക്കിയത്.