ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരൽ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.
അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി വിലയിരുത്തി. ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.