ഗവർണർക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ആർ എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റതിന് ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഭരണപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ടി.ആർ. ബാലു (ഡിഎംകെ), കെ.ബാലകൃഷ്ണൻ (സിപിഎം), കെ എസ് അളഗിരി (കോൺഗ്രസ്), വൈകോ (എംഡിഎംകെ), മുത്തരസൻ (സിപിഐ), തിരുമാവളവൻ (വിടുതലൈ ചിരുതൈകൾ കക്ഷി), ഖാദർ മൊയ്തീൻ (മുസ്ലിം ലീഗ്) തുടങ്ങിയ നേതാക്കളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
പൊതുപരിപാടികളിലും മറ്റും ഗവർണർ സനാതന ആശയങ്ങളിലധിഷ്ഠിതമായ പ്രസംഗങ്ങളാണ് നടത്തുന്നത്. ഡി എം കെ സർക്കാരിനെതിരായ പരോക്ഷ വിമർശനങ്ങളും ഉന്നയിക്കുന്നു. സനാതന, ആര്യ, ദ്രാവിഡ, പട്ടികവർഗ, തിരുക്കുറൽ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ അസംബന്ധവും അപകടകരവുമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകത്തിലെ 120ലധികം രാജ്യങ്ങൾ മതേതരമാണ്. എല്ലാ മതേതര രാജ്യങ്ങളിലും മതങ്ങളും സർക്കാറുമുണ്ട്. എന്നാൽ, രണ്ടും തമ്മിൽ ബന്ധമില്ല. ഇതൊന്നും അറിയാതെയാണ് ഗവർണർ സംസാരിക്കുന്നത്. എല്ലാ മതങ്ങളും തുല്യമാണ്, മതത്തിൽ വിവേചനമില്ല, എല്ലാവർക്കും തുല്യ അവകാശം, ഇഷ്ടമുള്ള മതം പിന്തുടരാനുള്ള അവകാശം, അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം, സർക്കാർ സ്ഥാപനങ്ങളിൽ മതവിദ്യാഭ്യാസം പാടില്ല, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം, തുടങ്ങിയ ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ സംസാരിക്കുന്നത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. ബിജെപി – കേന്ദ്ര നേതൃത്വത്തിൻ്റെ പ്രീതി പിടിച്ചുപറ്റി ഉയർന്ന സ്ഥാനമാനങ്ങൾ കൈപ്പറ്റുന്നതിനുവേണ്ടിയാണ് ഗവർണർ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. ഗവർണർ രാജിവെച്ച് ഭരണഘടനക്കെതിരെ സംസാരിക്കട്ടെയെന്നും പ്രസ്താവനയിൽ പറയുന്നു.
തമിഴ്നാടിന് പുറമെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഗവർണർക്കെതിരെ രംഗത്ത് വന്നിരുന്നു. ബിജെപി ഇതര ഗവൺമെന്റുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗിക്കുന്നു എന്ന ആരോപണമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ഉയരുന്നത്.