ഉക്കടം സ്‌ഫോടനത്തിൽ പ്രതിഷേധിച്ച് ബിജെപി കോയമ്പത്തൂരിൽ നടത്താനിരുന്ന ബന്ദിൽ അഭിപ്രായ ഭിന്നത. ഭീകരതയെ ചെറുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസനാണ് ബന്ദിന് ആഹ്വാനം നൽകിയത്. എന്നാൽ ബന്ദ് നടത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ അറിയിച്ചു.
ബന്ദിനെതിരെ കോയമ്പത്തൂരിലെ വ്യാപാരി പൊതുതാല്പര്യഹർജി നൽകിയതിനെ തുടർന്നാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ബന്ദുമായി മുന്നോട്ടുപോകുമെന്നാണ് വനതി ശ്രീനിവാസൻ പറയുന്നത്. വിഷയത്തില്‍ പാര്‍ട്ടി തീരുമാനം ആയിട്ടില്ലെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത്. പൊലീസിനോട് ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് കോടതി നല്‍കിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിന് കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.