ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ വ്യാപകമായി പണമൊഴുക്കി ഭരണം പിടിക്കാൻ തീവ്രശ്രമം നടത്തുന്ന ബിജെപിക്ക് തലവേദനയായി വിമതശല്യം. നാമനിർദേശപത്രികാ സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ പത്ത് സിറ്റിങ് എംഎൽഎമാരുൾപ്പെടെ 18 സീറ്റിൽ ബിജെപിക്ക് വിമതരുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 29നുള്ളിൽ പരമാവധി വിമതരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്.
മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, ദേശീയ വൈസ്പ്രസിഡന്റും സംസ്ഥാന ചുമതലക്കാരനുമായ സൗദൻ സിങ്, ബിഹാർ മുൻആരോഗ്യ മന്ത്രി മംഗൽ പാണ്ഡെ, സംസ്ഥാന പ്രസിഡന്റ് സുരേഷ് കശ്യപ്, സംസ്ഥാന ചുമതലയുള്ള അവിനാശ് റായ് ഖന്ന എന്നിവരും വിമതരെ അനുനയിപ്പിക്കാൻ രംഗത്തുണ്ട്. വിമതരിൽ, കുള്ളു സദർ മണ്ഡലത്തിൽ മുൻ എംപി മഹേശ്വർ സിങ്ങും തൊട്ടടുത്ത ബൻജാർ മണ്ഡലത്തിൽ മകൻ ഹിതേശ്വർ സിങ്ങുമുള്ളത് കുള്ളു മേഖലയിൽ പാർടിക്ക് വൻതിരിച്ചടിയാണ്. കുള്ളു റൂറൽ മണ്ഡലത്തിലാകട്ടെ സംസ്ഥാന വൈസ്പ്രസിഡന്റ് രാം സിങ് തന്നെയാണ് വിമതൻ. ഫത്തേപുരിൽ മുൻ രാജ്യസഭാംഗം കൃപാൽ പർമാർ ഔദ്യോഗിക സ്ഥാനാർഥിയ്ക്കെതിരെ പത്രിക നൽകി.
ചമ്പ മണ്ഡലത്തിൽ ഇന്ദിര കപുറിന് സീറ്റ് നൽകിയപ്പോൾ സിറ്റിങ് എംഎൽഎ പവൻ നയ്യാർ കലാപമുയർത്തി. തുടർന്ന് നയ്യാരുടെ ഭാര്യ നീലം നയ്യാർക്ക് സീറ്റ് നൽകി തണുപ്പിച്ചു. ഇതോടെ ഇന്ദിര കപുർ വിമത സ്ഥാനാർഥിയായി.