ഇന്ത്യൻ കറൻസികളിൽ വി ഡി സവർക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രം വേണമെന്ന് ബിജെപി നേതാവ് രാം കദം. ഇത്തരത്തിൽ ഛത്രപതി ശിവജിയുടെയും അംബേദ്കറുടെയും വി ഡി സവർക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രമുള്ള 500ൻ്റെ നോട്ടുകളുടെ ചിത്രങ്ങളും രാം കദം ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഛത്രപതി ശിവജി, അംബേദ്കർ, വി ഡി സവർക്കർ, നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങൾ എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്നും രാം കദം പറഞ്ഞു. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ നിരവധി നടപടികളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആം ആദ്മി പാർട്ടിയെയും കെജ്രിവാളിനെയും വിമർശിച്ചു. അവരുടെ ആവശ്യങ്ങൾ യഥാർത്ഥമായിരുന്നെങ്കിൽ രാജ്യം അത് അംഗീകരിക്കുമായിരുന്നു. പക്ഷേ അവർ നമ്മുടെ ദൈവങ്ങളെയും ദേവതകളെയും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഓർക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ കറൻസി നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെക്കൂടാതെ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് കെജ്രിവാളിൻ്റെ ആവശ്യം.
ഗണപതിയുടേയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്തിയാൽ രാജ്യം അഭിവൃദ്ധിപ്പെടും. 85 ശതമാനം മുസ്ലീങ്ങൾ ഉള്ള ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രം ചേർക്കാമെങ്കിൽ ഇന്ത്യൻ കറൻസിയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താമെന്നും കെജ്രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴി കെജ്രിവാളിൻ്റെ പ്രതികരണം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് കേജരിവാള്‍