ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് രപോലു ആനന്ദ ഭാസ്‌കർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച അദ്ദേഹം ടിആർഎസിൽ ചേർന്നു. ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെ സന്ദർശിച്ച് അദ്ദേഹം പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചു.
മുൻ കോൺഗ്രസ് പ്രവർത്തകനായിരുന്ന ആനന്ദ ഭാസ്‌കർ 2012 മുതൽ 2018വരെ രാജ്യസഭാംഗമായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. സംസ്ഥാനത്തെ മുനുഗൗഡ് നിയോജക മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തുടർച്ചയായി നേതാക്കൾ പാർട്ടി വിടുന്നത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
നേരത്തെ തെലങ്കാനയിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ദസോജു ശ്രാവൺ ബിജെപി വിട്ട് ടിആർഎസിൽ ചേർന്നിരുന്നു. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതൃത്വം വോട്ടർമാർക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ കെ സ്വാമിഗൗഡും ബിജെപി വിട്ട് ആർഎസിൽ ചേർന്നിരുന്നു.