ന്യൂഡൽഹി: ജിഹാദ് ഖുർആനിൽ മാത്രമല്ല, ഗീതയിലുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ. മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശം ചെയ്യവെയാണ് പാട്ടീലിൻ്റെ പരാമർശം.
ഇസ്ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാ ശ്രമങ്ങൾക്കു ശേഷവും ആർക്കെങ്കിലും ശുദ്ധമായ ആശയം മനസിലാകുന്നില്ലെങ്കിൽ, അധികാരം ഉപയോഗിക്കാമെന്ന് ഖുർആനിലും ഗീതയിലും വ്യക്തമാക്കുന്നുണ്ട്. മഹാഭാരതത്തിലെ ഗീതയുടെ ഭാഗത്ത് ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. ക്രിസ്തുമത ഗ്രന്ഥങ്ങളിലും ജിഹാദിൻ്റെ സന്ദേശം നൽകുന്നുണ്ട്. താൻ സമാധാനം സ്ഥാപിക്കാനല്ല ഇവിടെ വന്നതെന്നും വാളുമായി വന്നതാണെന്നും യേശു പറഞ്ഞിട്ടുണ്ടെന്നും ശിവരാജ് പാട്ടീൽ കൂട്ടിച്ചേർത്തു.
അതേസമയം മുൻ ആഭ്യന്തര മന്ത്രി കൂടിയായ ശിവരാജ് പാട്ടീലിൻ്റെ പരാമർശത്തിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഹിന്ദുക്കളോടുള്ള കോൺഗ്രസിൻ്റെ വെറുപ്പ് യാദൃശ്ചികമല്ല. വോട്ട് ബാങ്കിൻ്റെ പരീക്ഷണമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ബോധപൂർവമായ ധ്രുവീകരണത്തിനായാണ് ഈ വിഷയം ഉന്നയിച്ചതെന്നും ആരോപണമുണ്ട്.