കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി അടുത്തബന്ധമുള്ള വ്യവസായിയുടെ പക്കൽനിന്ന് വൻതോതിൽ കള്ളപ്പണം പിടിച്ചു. കണക്കിൽപ്പെടാത്ത 8.1 കോടി രൂപയാണ് ഇയാളുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്. ഹൗറ ഷിബ്പുരിൽ ഷൈലേന്ദ്ര പാണ്ഡെയുടെ രണ്ടു വീട്ടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തിയത്. പണത്തിന് പുറമെ കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു.
വിവിധ ഓൺലൈൻ ആപ്പുകൾ വഴി ചിട്ടി, വിദേശ പണമിടപാടുകൾ എന്നിവ നടത്തുന്ന ഇയാളുടെയും സഹായികളുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ആറു മാസത്തിനുള്ളിൽ 207 കോടി രൂപയുടെ ഇടപാട് നടന്നതായും അധികൃതർ പറഞ്ഞു.
അടുത്തിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ഫിർഹാദ് ഹക്കിമിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ അമർഖാന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയിൽ 18 കോടി പിടിച്ചെടുത്തിരുന്നു.