ബെംഗളൂരു: ദീപാവലി ആഘോഷ ദിനത്തിൽ ഗോപൂജ നടത്താൻ ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ട് കർണാടക മുസ്രയ് വകുപ്പിൻ്റെ ഉത്തരവ്. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ 26ന് വൈകുന്നേരം 5.30-നും 6.30-നും ഇടയിൽ പൂജ നടത്താനാണ് നിർദേശം. ജനങ്ങൾ സനാതന ഹിന്ദു ധർമ്മ ആചാരം മറക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അന്നേ ദിവസം പശുക്കളെ കുളിപ്പിക്കുകയും ക്ഷേത്രങ്ങളിൽ കൊണ്ടുവരികയും വേണം. മണ്ണിര, മഞ്ഞൾ, പുഷ്പം എന്നിവകൊണ്ട് അലങ്കരിക്കുകയും അരി, ശർക്കര, വാഴപ്പഴം, മറ്റ് പലഹാരങ്ങൾ എന്നിവ നൽകുകയും വേണം. വിളക്കുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് പൂജിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
“പുരാതന കാലം മുതൽ ഹിന്ദുക്കൾ പശുക്കളെ ആരാധിച്ചിരുന്നു. എന്നാൽ ഈയിടെയായി നഗരങ്ങളിലും പട്ടണങ്ങളിലും ആളുകൾ പശുവിനെ ആരാധിക്കുന്നത് മറന്നുകൊണ്ടിരിക്കുയാണ്. കുറഞ്ഞപക്ഷം, ദീപാവലി, ബലിപാഡ്യമി ദിനത്തിലെങ്കിലും, വിജ്ഞാപനത്തിൽ പരാമർശിക്കപ്പെട്ട ക്ഷേത്രങ്ങൾ നിർബന്ധമായും പശു പൂജ നടത്തുന്നത് ഉചിതമാണ്. ഈ സനാതന ഹിന്ദു ധർമ്മ സമ്പ്രദായം മറക്കാതിരിക്കാനും ഭാവി തലമുറകൾക്ക് ഇത് പരിചയപ്പെടുത്താനും പൂജ നടത്തുന്നത് സഹായകമാകും,” സർക്കുലറിൽ പറയുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സർക്കുലർ.