ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു. ദസോജു ശ്രവണാണ് ബിജെപി വിട്ട് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യിൽ ചേർന്നത്. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതൃത്വം വോട്ടർമാർക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്തെന്ന് ആരോപിച്ചാണ് രാജി. തെലങ്കാനയിൽ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ഊർജിത നീക്കങ്ങൾക്കിടെയാണ് മുതിർന്ന നേതാവായ ശ്രാവൺ പാർട്ടി വിടുന്നത്. തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന് ശ്രാവൺ രാജിക്കത്ത് നൽകിയിട്ടുണ്ട്.
പാർട്ടി നേതൃത്വത്തിൻ്റെ ദിശാബോധമില്ലായ്മ കാരണം നിരാശനാകേണ്ടിവന്നിരിക്കുകയാണെന്നും, മുനുഗോഡെയിലെ പാർട്ടി നേതൃത്വത്തിൻ്റെ സമീപനം മടുപ്പിക്കുന്നതാണെന്നും ശ്രാവൺ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. സാമൂഹിക ഉത്തരവാദിത്തമില്ലാത്തിനാലാണ് ബി.ജെ.പി പണസഞ്ചി വിതരണം ചെയ്യുകയും ദല്ലാളുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപരാഷ്ട്രീയം തുടരുകയും ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിൻ്റെ ദുർബല വിഭാഗത്തിൽനിന്നു വരുന്ന തന്നെപ്പോലെയുള്ള നേതാക്കൾക്ക് അവിടെ ഇടമില്ലെന്നു വ്യക്തമാകുകയാണെന്നും ശ്രാവൺ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസംമുൻപാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത്.