ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ശശി തരൂരിന് ഇരട്ട മുഖമെന്ന് എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ആരോപിച്ചു.
ബാലറ്റ് പേപ്പർ മുദ്രവെച്ചില്ലന്നതടക്കമുള്ള പരാതികൾ സമിതി തള്ളി. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികൾ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് നൽകിയിരുന്നു. ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവിൽ ബാലറ്റുകൾ മറ്റുള്ളവയ്‍ക്ക് ഒപ്പം കൂട്ടി കലർത്തി. പരാതിയിൽ തരൂരിനുള്ള മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലാണ്. അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്കും, കേരളത്തിൻ്റെ ചുമതലയുണ്ടായിരുന്ന ജി പരമേശ്വരക്കും വക്കിൽ നോട്ടീസ് ലഭിച്ചു. ഭരണഘടനാ വിരുദ്ധമാണെന്നും ക്രിമിനൽ വഞ്ചനയാണെന്നും നോട്ടീസിൽ പറയുന്നു. മുൻ തിരുവനന്തപുരം ഡിസിസിസി ജനറൽ സെക്രട്ടറി ആർ ജയചന്ദ്രനാണ് വക്കീൽ നോട്ടീസ് അയച്ചത്.
മല്ലിഗാർജ്ജുൻ ഖാർഗെ പാർട്ടി അനുശാസിക്കുന്ന സംഘടനാ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടതല്ല. അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക കൃതൃമമായി ഉണ്ടാക്കിയതാണ്. കേരളത്തിൽ നിന്നുള്ള പിസിസി പ്രതിനിധികളുടെ മുഴുവൻ ലിസ്റ്റും വഞ്ചനാപരമായി തയ്യാറാക്കിയതാണ്. 280 ബ്ലോക്ക് കമ്മറ്റികളിൽ ഒന്നിൽ നിന്നുപോലും ആരെയും തെരഞ്ഞെടുത്തില്ല എന്നും നോട്ടീസിലുണ്ട്.
എഐസിസി സമ്മേളനത്തിൽ മാത്രമേ പാർട്ടിയുടെ ഭരണഘടനാ ഭേദഗതി ചെയ്യാനാകു. പാർട്ടി ഭരണഘടനാ ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഭരണഘടനാ ഭേദഗതി ചെയ്യാൻ പ്രവർത്തക സമിതിക്ക് അധികാരമില്ല. പ്രവർത്തക സമിതി ഭരണഘടനാ ഭേദഗതി വരുത്തുകയും ഡിജിറ്റൽ അംഗത്വം നൽകുന്നതിന് തീരുമാനം എടുക്കുകയും ചെയ്തു. ഇത്തരത്തിൽ രണ്ടരകോടിയിലധികം ഡിജിറ്റൽ അംഗങ്ങളെ ചേർത്തു. 5.60 കോടി അംഗങ്ങളാണ് പാർട്ടിയിലുള്ളത്. ഇവരിൽ നിന്ന് അഞ്ച് രൂപ വീതം 28 കോടി രൂപ നിയമ വിരുദ്ധമായി പിരിച്ചെടുക്കുകയും ചെയ്തു എന്നും ആരോപണങ്ങളുണ്ട്.