ചരിത്രത്തിലാദ്യമായി യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83 ആയി കുറഞ്ഞു. കഴിഞ്ഞ വ്യാപാരത്തിൽ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വർഷം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറിൽ ഒരു ഡോളർ എന്നാൽ 75 രൂപയായിരുന്നു. രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളർ ശക്തിയാർജ്ജിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.