സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പൂജ നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഗണേശോത്സവത്തിന് സമാനമായി എല്ലാ വർഷവും ദീപാവലി ആഘോഷത്തിൻ്റെ ആദ്യ ദിവസം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ധന്വന്തരി പൂജ നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുക എന്നതാണ് മെഡിക്കൽ കോളേജുകളിൽ ധന്വന്തരി പൂജ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിലാക്കിയതിന് പിന്നാലെയാണ് എല്ലാ മെഡിക്കൽ കോളേജുകളിലും ധന്വന്തരി പൂജ നടത്താനുള്ള തീരുമാനം.
‘ഭഗവാൻ ധന്വന്തരിയെ പൂജിക്കുന്നതിലൂടെ നമ്മൾ പ്രാർഥിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടേയും ആരോഗ്യത്തിനാണ്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ധന്വന്തരി പൂജ നടത്തും. എല്ലാ ഡോക്ടർമാരും വിദ്യാർഥികളും മറ്റ് ജീവനക്കാരും പൂജയിൽ പങ്കെടുക്കുകയും എല്ലാവരുടേയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് വിശ്വാസ് സാരംഗ് പറഞ്ഞു.