ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. ശശി കല അടക്കമുള്ളവർ വിചാരണ നേരിടണമെന്നും റിപ്പോർട്ടിലുണ്ട്. മരണവിവരം പുറം ലോകം അറിഞ്ഞത് ഒരു ദിവസത്തിന് ശേഷമാണ്. വിദേശ ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും നടത്തിയില്ലെന്നും ജസ്റ്റിസ് ആറുമുഖസാമി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സഭയുടെ മേശപ്പുറത്ത് വെച്ചത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്.
മരണത്തിൽ ശശികല, ജയലളിതയുടെ പേഴ്സണൽ ഡോക്ടറും ശശികലയുടെ ബന്ധുവുമായ ഡോ ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ, അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് റെഡ്ഡി, ഡോ രാമ മോഹന റാവു എന്നിവർ കുറ്റക്കാരാണെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇവർക്കെതിരെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്.