കർണാടക: കർണാടകത്തിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. ദീപാവലിക്ക് മുന്നോടിയായി കർണാടകയിൽ ഹലാൽ മാംസം നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു. ‘ഹലാൽ ഫ്രീ ദീപാവലി’ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജനജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്ത് ‘ഹലാൽ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജനജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്ക് മുന്നിൽ സംഘടന പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിമോഗ്ഗയിൽ കെഎഫ്സി, പിസ്സ ഹട്ട് സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
‘ഹലാൽ മുക്ത ദീപാവലി ആചരിക്കാൻ മുഴുവൻ ഹിന്ദു സമൂഹത്തോടും ഞങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാൽ, ഹലാൽ ചിഹ്നമുള്ള ഏത് ഉൽപ്പന്നവും ബഹിഷ്കരിക്കണം. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഏതൊരു നിർമ്മാതാവിനെയും ബഹിഷ്കരിക്കണം. ഹലാൽ ഭക്ഷണം വിളമ്പുന്ന മക്ഡൊണാൾഡ്സും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും ബഹിഷ്കരിക്കണം’ ഹിന്ദു ജനജാഗ്രതി സമിതി നേതാവ് രമേഷ് ഷിൻഡെ പറഞ്ഞു.