മുൻ പഞ്ചാബ് മന്ത്രി സുന്ദർ ഷാം അറോറ അറസ്റ്റിൽ. കൈക്കൂലിക്കേസിലാണ് സുന്ദർ ഷാം അറസ്റ്റിലായത്. പഞ്ചാബ് വിജിലൻസ് ബ്യൂറോയാണ് അറോറയെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ സിറാക്പൂരിലെ മാളിൽ വെച്ച് വിജിലൻസ് ഓഫിസർക്ക് 50 ലക്ഷം രൂപ കൈക്കൂലി നൽകുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ വിശ്വസ്തനും വ്യവസായ മന്ത്രിയുമായിരുന്ന അറോറ അനധികൃത സ്വത്ത് സമ്പാദനത്തിനും ക്രമക്കേടുകൾക്കും വിജിലൻസ് കേസ് നേരിടുകയാണ്. ഇത് ഒത്തുതീർക്കാനാണ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ പതിനാലിനാണ് വിജിലൻസ് ഉദ്യോഗസ്ഥനായ മൻമോഹൻ കുമാറിൻ്റെ വീട്ടിലെത്തിയ സുന്ദർ ഷാം അറോറ, തനിക്കെതിരായ കേസുകൾ ഒഴിവാക്കിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. മൻമോഹൻ ഇത് വിജിലൻസ് മേധാവിയോട് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇയാളെ കുരുക്കാൻ വിജിലൻസ് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന അറോറ ഇക്കഴിഞ്ഞ ജൂണിൽ ബിജെപിയിൽ ചേർന്നിരുന്നു.