137 വര്‍ഷത്തോളം പാരമ്പര്യമുള്ള കോണ്‍ഗ്രസിന് അധ്യക്ഷനെ കണ്ടെത്താന്‍ ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് വെറും അഞ്ച് തവണ മാത്രമാണ്. ഇത്തവണ നടക്കുന്നതോ ആറാമത്തെ അധ്യക്ഷ തെരഞ്ഞെടുപ്പും. കഴിഞ്ഞ 5 കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളുടെ ചരിത്രം അറിയാം……..
1939ലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ മത്സരത്തില്‍ വിജയം നേതാജി സുഭാഷ് ചന്ദ്രബോസിനായിരുന്നു. അന്ന് സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയത് സാക്ഷാല്‍ മഹാത്മാ ഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച പട്ടാഭി സീതാരാമയ്യെയും.
സ്വതന്ത്ര്യ ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 1950ലായിരുന്നു. പുരുഷോത്തം ദാസ് ഠാണ്ഡനും ആചാര്യ കൃപലാനിയും തമ്മിലായിരുന്നു മത്സരം. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അനുയായിയായ ഠാണ്ഡന്‍ ജവഹര്‍ ലാല്‍ നെഹ്റു പിന്തുണച്ച ആചാര്യ കൃപലാനിയെ പരാജയപ്പെടുത്തി.
1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതോടെ അന്നത്തെ അധ്യക്ഷനായിരുന്ന ദേവ്കാന്ത് ബറുവ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചു. അങ്ങനെയാണ് കോണ്‍ഗ്രസില്‍ മൂന്നാം തവണ അധ്യക്ഷ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ത്രികോണ മത്സരമായിരുന്നു അത്. കെ ബ്രഹ്മാനന്ദ റെഡ്ഢി, സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ, കരണ്‍ സിംഗും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഒടുവില്‍ വിജയം കെ ബ്രഹ്മാനന്ദ റെഡ്ഢിക്കും.
1997ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സീതാറാം കേസരി- രാജേഷ് പൈലറ്റ് – ശരദ് പവാര്‍ ത്രികോണ മത്സരമായിരുന്നു. വമ്പിച്ച ഭൂരിപക്ഷത്തിന് സീതാറാം കേസരി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സീതാറാം കേസരി 6,224 വോട്ടുകള്‍ നേടിയപ്പോള്‍ രാജേഷ് പൈലറ്റിന് 354ഉം ശരദ് പവാറിന് 882 വോട്ടുകളും മാത്രമാണ് നേടാനായത്.
കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2000ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടെുപ്പ് ജിതേന്ദ്ര പ്രസാദയെ മൃഗീയ ഭൂരിപക്ഷത്തിനാണ് സോണിയ പരാജയപ്പെടുത്തിയത്. സാധുവായ 7542 വോട്ടുകളില്‍ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോള്‍ പ്രസാദയ്ക്ക് വോട്ടു ചെയ്തത് 94 പേര് മാത്രം.
അറിയാമോ….. എതിരാളിയുടെ തടികേടായ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്രം?