കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തരൂരിൻ്റെ ആരോപണം. കോൺഗ്രസ് നേതൃത്വം എതിർ സ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകുന്ന പരിഗണന തനിക്ക് നൽകുന്നില്ലെന്ന് കഴിഞ്ഞ ദിവസം തരൂർ ആരോപിച്ചിരുന്നു. പ്രചരണത്തിൻ്റെ ഭാഗമായി പലസ്ഥലങ്ങളിലും പോയപ്പോൾ അവിടുത്തെ പാർട്ടി അധ്യക്ഷന്മാർ നേരിൽ കാണാൻ പോലും കൂട്ടാക്കിയില്ല. ഖാർഗെ എത്തുമ്പോൾ പിസിസി അദ്ധ്യക്ഷന്മാരും നിയമസഭാകക്ഷികളും ചേർന്ന് സ്വീകരിക്കുന്നു. പക്ഷെ തൻ്റെ കാര്യത്തിൽ ഇങ്ങനെയൊന്നും ഉണ്ടായില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.
ഔദ്യോഗിക സ്ഥാനാർത്തിയില്ലെന്ന് പറയുമ്പോഴും ഗാന്ധി കുടുംബവും ഔദ്യോഗിക പക്ഷവും പിന്തുണയ്ക്കുന്നത് ഖാർഗെയെയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം കേരളത്തിലെ പ്രമുഖ നേതാക്കളുടെ പിന്തുണയും ഖാർഗെയ്ക്കാണ്. ശശി തരൂർ അധ്യക്ഷനായാൽ വെറും ഒരു ട്രെയിനി ഒരു ഫാക്ടറി നടത്തുന്നത് പോലെയാകും കാര്യങ്ങളെന്നാണ് കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.