രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ എം പി. രാഷ്ട്രീയത്തിലെ അനന്തരാവകാശത്തെ ഡോ. ബി ആർ അംബേദ്കർ പോലും അംഗീകരിക്കില്ലെന്ന് തരൂർ. അദ്ദേഹം അനന്തരാവകാശത്തെ ശക്തമായി വിമർശിക്കുമായിരുന്നു. രാഷ്ട്രീയ നേതൃസ്ഥാനത്തേക്കുളളവരെ തെരഞ്ഞെടുപ്പിനേക്കാളും ഉപരി അനന്തരാവകാശങ്ങളുടേയോ അല്ലെങ്കിൽ മറ്റ് യോഗ്യതകളുടേയോ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കേണ്ടതെന്ന വാദത്തെ അംബേദ്കർ തളളിക്കളയുമെന്നും തരൂർ പറഞ്ഞു. തൻ്റെ പുസ്തകമായ ‘അംബേദ്കർ: എ ലൈഫ്’ ൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.
തെരഞ്ഞെടുപ്പുകളിലൂടേയോ അല്ലെങ്കിൽ മറ്റ് രീതികളിലൂടേയോ കടന്നു പോകുന്നതിന് പകരം രാഷ്ട്രീയ നേതൃത്വം അനന്തരാവകാശത്തിലൂടെ കടന്നുപോകണം എന്ന ആശയത്തെ അദ്ദേഹം അംഗീകരിക്കാതിരിക്കുകയും വിമർശിക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും സുരക്ഷിതമായ അനുമാനമാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് അംബേദ്കർ എവിടേയും എഴുതിയിട്ടില്ല. ഉൾപ്പാർട്ടി തെരഞ്ഞെടുപ്പാണ് ശരിയായ മാർഗമെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് തരൂരിൻ്റെ പ്രതികരണം. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് കോൺഗ്രസിലെ കുടുംബാധിപത്യത്തെ ശക്തമായി വിമർശിച്ചിരുന്ന ജി-23 നേതാവാണ് തരൂർ. നിലവിൽ കോൺഗ്രസിൻ്റെ പ്രവർത്തനത്തിൽ തൃപ്തിയുള്ളവർ തനിക്ക് വോട്ട് ചെയ്യേണ്ട എന്നും, നിലവിലെ നേതൃത്വത്തിൽ തൃപ്ത്തരല്ലാത്തവർ തനിക്ക് വോട്ട് ചെയ്യണമെന്നും തരൂർ പറഞ്ഞിരുന്നു.
അതേസമയം എതിർ സ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തരൂർ ആരോപിച്ചിരുന്നു. പ്രചരണത്തിൻ്റെ ഭാഗമായി പലസ്ഥലങ്ങളിലും പോയപ്പോൾ അവിടുത്തെ പാർട്ടി അധ്യക്ഷന്മാർ നേരിൽ കാണാൻ പോലും കൂട്ടാക്കിയില്ല. ഖാർഗെ എത്തുമ്പോൾ പിസിസി അദ്ധ്യക്ഷന്മാരും നിയമസഭാകക്ഷികളും ചേർന്ന് സ്വീകരിക്കുന്നു. പക്ഷെ തൻ്റെ കാര്യത്തിൽ ഇങ്ങനെയൊന്നും ഉണ്ടായില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി