ന്യൂഡൽഹി: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രൊഫ. സായിബാബയെ കുറ്റവിമുക്തമാക്കിയ വിധിക്കെതിരായ അപ്പീൽ പരിഗണിക്കാൻ സുപ്രീം കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനാണ് പ്രത്യേക സിറ്റിങ്. രാവിലെ 11 മണിക്ക് ജസ്റ്റിസുമാരായ എം.ആർ ഷാ, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയിരുന്നു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് ഉത്തരവ്. സായിബാബയെ ഉടൻ മോചിപ്പിക്കാൻ ജസ്‌റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തോളം ജയിലിലായിരുന്നു പ്രൊഫ. ജിഎൻ സായിബാബ.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് സായിബാബയെ അറസ്റ്റ് ചെയ്‌തത്. 2012 ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവിൽ നാഗ്‌പൂർ സെൻട്രൽ ജയിലിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 12ബി, യുഎപിഎയിലെ 13,18,20,38,39 എന്നീ വകുപ്പുകളാണ് സായിബാബക്കെതിരെ ചുമത്തിയത്.