മുംബൈയിലെ ബിജെപി നേതാവിൻ്റെ മകന് 16 മാസം കൊണ്ട് പിഎച്ച്ഡി ഡിഗ്രി അനുവദിച്ചതായി ആരോപണം. മുൻ എംപിയും മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റുമായ കിരീട് സോമയ്യയുടെ മകൻ നീൽ സോമയ്യക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഡിഗ്രി ലഭിച്ചതിൻ്റെ ചിത്രങ്ങൾ നീൽ തൻ്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ മുംബൈ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആവശ്യപ്പെട്ടു.
31കാരനായ നീലിന് മാനേജ്മെൻറ് സ്റ്റഡീസിലാണ് പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്. നിയമപ്രകാരം സാധാരണ ഗതിയിൽ 5-6 വർഷം എടുത്താണ് ഗവേഷകർ പിഎച്ച്ഡി പൂർത്തിയാക്കുന്നത്. 2021 ആഗസ്തിലാണ് നീൽ സോമയ്യ പിഎച്ച്ഡി തീസിസ് സമർപ്പിച്ചത്. ഒന്നരവർഷം കഴിഞ്ഞ് 2022 ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷം നീലിന് പിഎച്ച്ഡി അനുവദിച്ചതായി ഗവേഷകർ പറഞ്ഞു.
നിയമങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് മകൻ പിഎച്ച്ഡി നേടിയതെന്ന് കിരീട് ആവർത്തിച്ചു. “ആറ് വർഷത്തെ കഠിന പരിശ്രമം കൊണ്ടാണ് നീൽ സോമയ്യ പിഎച്ച്ഡി പൂർത്തിയാക്കിയത്. 2017ൽ സൈദേനം കോളേജിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നതാണ് ഗവേഷണ വിഷയം. 2022 ആഗസ്തിൽ തിസീസ് സബ്മിറ്റ് ചെയ്തു. സെപ്തംബർ 30നാണ് വൈവ നടന്നത്. 2022ൽ മുംബൈ യൂണിവേഴ്സിറ്റി പിഎച്ച്ഡി നൽകുകയും ചെയ്തു,” കിരീട് സോമയ്യ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ മുംബൈ യൂണിവേഴ്സിറ്റിക്കെതിരെ ഗവേഷകർ പരാതി നൽകിയിട്ടുണ്ട്.