ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഇന്നത്തെ വിധിയിൽ താൻ പൂർണ തൃപ്തനല്ലെന്നും ഇതിലും മികച്ച വിധിയുണ്ടാകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
“സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരും. ഹിജാബ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോഴും തുടരുകയാണ്. ഹിജാബും ബുർഖയും അടിച്ചേൽപ്പിക്കുന്നതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഇതിലും മികച്ച വിധിയാണ് സുപ്രിംകോടതിയിൽനിന്ന് പ്രതീക്ഷിച്ചത്” എന്ന് ബി സി നാഗേഷ് പറഞ്ഞു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ ഭിന്ന വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹർജികൾ തള്ളിയപ്പോൾ മറ്റൊരംഗമായ സുധാൻശു ധൂലിയ കർണാടക സർക്കാർ നടപടി റദ്ദാക്കി ഉത്തരവിട്ടു. കേസിൽ ഭിന്ന വിധിയുണ്ടായ പശ്ചാത്തലത്തിൽ വിഷയം മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. ഇതിനായി കേസ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് കൈമാറി.
ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിയിൽ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് 11 നിയമപ്രശ്നങ്ങൾക്ക് ഉത്തരം തേടിയെന്നും ആ ഉത്തരങ്ങളെല്ലാം പരിഗണിച്ചാണ് അപ്പീലുകൾ തള്ളിയതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി. എന്നാൽ ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പിൻ്റെ വിഷയമാണെന്നും അതിൽ നിയന്ത്രണമേർപ്പെടുത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് ധൂലിയ നിലപാടെടുത്തു. വിഷയം പരിഗണിച്ചപ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമായിരുന്നു എൻ്റെ മനസിലുണ്ടായിരുന്നത്. അവരുടെ ജീവിതത്തെ നമ്മൾ മെച്ചപ്പെടുത്തുന്നുണ്ടോ ? ഇതായിരുന്നു തൻ്റെ മുന്നിലുണ്ടായിരുന്ന ചോദ്യമെന്നും ധൂലിയ വിധിപ്രസ്താവത്തിൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് ഇത് ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയിൽ വിദ്യാർത്ഥിനികൾ ഹർജി നൽകി. എന്നാൽ കർണാടക സർക്കാർ ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരായാണ് വിവിധ സംഘടനകളും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതി വിധിക്കെതിരെ 26 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.