കർണാടകയിലെ ബിജെപി നേതാവ് പതിനാറ് ദളിതരെ ദിവസങ്ങളോളം തൻ്റെ കാപ്പി തോട്ടത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ജഗദീഷ് ഗൗഡ എന്ന കാപ്പി തോട്ട ഉടമയാണ് ഈ ക്രൂര കൃത്യം ചെയ്തത് എന്നാണ് ആരോപണം. തങ്ങൾ പീഡനത്തിനിരയായതായി പതിനാറ് പേരും പറയുന്നു. സംഭവത്തിൽ ജഗദീഷ ഗൗഡക്കും മകന് തിലകിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളുവിൽ പോയ ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തോട്ട ഉടമ ജഗദീഷ് ഗൗഡ തൊഴിലാളികളിൽ ഒരാളെ മർദിച്ചതിനെ തുടർന്ന് മറ്റുള്ളവർ ജോലി ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന് കടം നൽകിയ പണം തിരികെ നൽകാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ പണം തിരികെ നൽകാതെ ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ഗൗഡ അവരെ മുറിയിൽ പൂട്ടിയിട്ടു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു മാസം ഗർഭിണിയായ അർപിത എന്ന യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു. ഫോൺ നൽകാൻ വിസമ്മതിച്ച അർപിതയെ ഗൗഡ മർദിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് വിജയ്, മറ്റ് രണ്ട് തൊഴിലാളികളായ രൂപ, കവിത എന്നിവരും തങ്ങൾക്ക് മർദനമേറ്റതായി പറഞ്ഞു. “എന്നെ ഒരു ദിവസം മുഴുവൻ വീട്ടുതടങ്കലിലാക്കി. എന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അവർ എൻ്റെ ഫോൺ പിടിച്ചെടുത്തു” എന്ന് അർപിത പറഞ്ഞു. അർപ്പിതയെ ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ജഗദീഷ് ഗൗഡ ബി.ജെ.പി നേതാവല്ലെന്നും വെറും അനുഭാവി മാത്രമാണെന്നും പാർട്ടി നേതാവ് വരസിദ്ധി വേണുഗോപാൽ പറഞ്ഞു.