120 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് ഉൾപ്പടെ ആറ് പേർ പിടിയിൽ. 60 കിലോ ലഹരിമരുന്നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കണ്ടെടുത്തത്. എൻസിബി മുംബൈ യൂണിറ്റ് ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ 10 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. അവിടെനിന്ന് ഒരാളെയും മുംബൈയിൽനിന്നു 3 പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ ഛത്രപതി ശിവാജി ടെർമിനസിന് സമീപത്തുള്ള ഗോഡൗണിൽനിന്ന് 50 കിലോ ലഹരിമരുന്ന് കൂടി കണ്ടെത്തിയതിനൊപ്പം 2 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻ പൈലറ്റ് എസ്.ജി.മഹിദ, വി.ഭാസ്കർ, എസ്.എം.ചൗധരി, മുത്തു, അലി, എം.എഫ്.കിസ്റ്റി എന്നിവരാണ് പിടിയിലായത്. അന്വേഷണം തുടരുകയാണെന്ന് എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ് പറഞ്ഞു. അടുത്തിടെയായി രാജ്യത്ത് വലിയതോതിൽ കണ്ടുവരുന്ന ലഹരികടത്ത് തുടരുന്നതിൻ്റ സൂചനയാണ് ഇപ്പോൾ കണ്ടെടുത്ത ലഹരിമരുന്നുകൾ.