കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജൻ ഖാർഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ശശി തരൂർ. വിഷയത്തിൽ എഐസിസിക്ക് പരാതി നൽകുമെന്ന് തരൂർ പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാർഗെയ്ക്ക് അനുകൂല നിലപാടെടുക്കാൻ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂർ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നിൽ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. പത്രിക പിൻവലിക്കാൻ തരൂരിന് വിവിധ കോണുകളിൽ നിന്നും സമ്മർദമുണ്ടെന്നും അദ്ദേഹം പത്രിക പിൻവലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിൻ്റെ നല്ല ഭാവിയാണ് ആ രാഷ്ട്രീയത്തിൻ്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു ഒത്തുതീർപ്പിനും താനില്ല. പത്രിക ഒരു കാരണവശാലും പിൻവലിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി തരൂരും മല്ലികാർജുൻ ഖാർഗെയും ഇന്നും പ്രചാരണം തുടരും. ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങിയതോടെ മത്സരം ഏറെ വാശിയിൽ തന്നെയാണ്. ഇന്നലെ ഗുജറാത്തിൽ ഖാർഗെയുടെ പ്രചാരണത്തിനായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രചാരണത്തിനിറങ്ങിയ ഖാർഗെയ്ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്.
പരസ്യ പ്രചരണം സംബന്ധിച്ച മാർഗ രേഖ നിലനിൽക്കെ ഖാർഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക് വിമാനത്താവളം മുതൽ പിസിസി അദ്ധ്യക്ഷൻ്റെ നേതൃത്വത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം ശശി തരൂർ തമിഴ്‌നാട്ടിൽ വിളിച്ച് ചേർത്ത യോഗത്തിൽ 12 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. 700ൽ അധികം വോട്ടുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന നേതാക്കൾ സ്ഥാനാർത്ഥികളെ പിന്തുണയിക്കരുതെന്ന് എഐസിസി നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം ലംഗിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പടെ നിരവധി നേതാക്കൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ശശി തരൂർ എഐസിസിക്ക് പരാതി നൽകുന്നത്.