ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 82 ആയി തകർന്നു. വെള്ളിയാഴ്ച ഇൻ്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 82.19 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടര്ന്ന് മൂല്യം 82.33 ലേക്ക് ഇടിഞ്ഞു. മുൻ ദിവസത്തെ അവസാനനിരക്കായ 81.95 ൽ നിന്ന് 38 പൈസയാണ് തുടക്കത്തിൽ രൂപയ്ക്ക് നഷ്ടമായത്. പിന്നീട് വ്യാപാരത്തിനിടയിൽ മൂല്യം 82.39 നിലവാരത്തിലേക്ക് താണ് നഷ്ടം 44 പൈസയായി വർധിച്ചു. ഒടുവിൽ 37 പൈസ നഷ്ടത്തിൽ 82.32ൽ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വീണ്ടും ഉയർത്തുന്ന സാഹചര്യമാണ് രൂപയുടെ മൂല്യത്തിൻ്റെ ഇടിവിന് കരണമാകുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത് ഡോളറിന് ഗുണമായപ്പോൾ ഇന്ത്യൻ വിപണിയിൽനിന്ന് നിക്ഷേപകർ പിൻവാങ്ങിയത് രൂപയ്ക്ക് പ്രഹരമായി. ഈ വർഷം 10.5 ശതമാനത്തോളം രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.