ശിവസേനയിൽ ഭിന്നതയുണ്ടാക്കിയതും ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയതും തങ്ങളാണെന്ന് സമ്മതിച്ച് ബിജെപി. ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടര വർഷത്തെ പരിശ്രമത്തിനു ശേഷമാണ് മഹാ വികാസ് അഘാഡി സർക്കാരിനെ താഴയിറക്കാനായതെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. വെള്ളിയാഴ്ച പൂനെയിലെ തിലക് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചന്ദ്രകാന്ത്.
കഴിഞ്ഞ രണ്ടര വർഷമായി നമ്മുടെ സർക്കാർ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പറയാൻ എനിക്ക് ഭ്രാന്തൊന്നുമില്ലായിരുന്നു. നമ്മുടെ സർക്കാർ വരുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പ്രവർത്തകർക്ക് ഞാൻ ആത്മവിശ്വാസം നൽകുകയായിരുന്നു. യഥാർത്ഥത്തിൽ, രണ്ടര വർഷമായി ഞങ്ങൾ നമ്മുടെ സർക്കാരിനെ കൊണ്ടുവരാനുള്ള പദ്ധതിയിടുകയായിരുന്നു എന്ന് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
“മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രണ്ട് സീറ്റിൻ്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ എളുപ്പമായിരുന്നു. കർണാടകയിലും സമാനമായിരുന്നു സ്ഥിതി. അവിടെ മൂന്ന് എംഎൽഎമാരുടെ കുറവ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ 40 എംഎൽഎമാരെ ആവശ്യമുണ്ടായിരുന്നു. അത് നേടിയെടുക്കാൻ എളുപ്പമായിരുന്നില്ല, പക്ഷേ മാസങ്ങൾ നീണ്ട കൃത്യമായ പ്ലാനിങ്ങിനൊടുവിൽ നമ്മൾ അത് നേടിയെടുത്തെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.