അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്ക് അയോഗ്യത കൽപ്പിച്ച് കരസേന. ഇവർക്ക് അഗ്നിവീർ റിക്രൂട്ട്മെൻറുകളിൽ പങ്കെടുക്കാനാവില്ല. നിയമാവലിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങൾ റിക്രൂട്ട്മെന്റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീർ റിക്രൂട്ട്മെന്റിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കേരളം, കർണ്ണാടക, പോണ്ടിച്ചേരി, ലക്ഷ ദ്വീപ് എന്നീ പ്രദേശങ്ങളാണ് ബംഗലുരു റിക്രൂട്ട്മെന്റ് മേഖലക്ക് കീഴിൽ ഉള്ളത്. കർണ്ണാടയിലും കേരളത്തിലും റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ വടക്കൻ മേഖല റിക്രൂട്ട്മെന്റ് റാലിയിൽ 23000 ഓളം പേർ രജിസ്റ്റർ ചെയ്തു. ഇതിൽ പതിമൂവ്വായിരത്തി ഒരു നൂറോളം പേർ ഇതിനകം റാലിക്കെത്തി. എഴുനൂറ്റിഅഞ്ച് പേർ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ ഒരിടത്തും റിക്രൂട്ട്മെന്റിനെ ബാധിച്ചിട്ടില്ലെന്നും കരസേന അറിയിച്ചു.
സൈന്യത്തിൽ നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകുന്ന പുതിയ പദ്ധതിയാണ് അഗ്നിവീർ. നേരത്തെ അഗ്നിപഥ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതി പിന്നീട് അഗ്നിവീർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ പലതും അഗ്നിവീറുകൾക്ക് ലഭിക്കില്ല. കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്നത് സൈന്യത്തിൻ്റെ അച്ചടക്കത്തിനും രഹസ്യ സ്വഭാവത്തിനും തിരിച്ചടിയാകുമെന്ന് പ്രതിരോധ വിദഗ്ധരും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പദ്ധതിക്കെതിരെ യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. അഗ്നിപഥ് പദ്ധതി സൈനിക മേഖലയെ കാവി വൽക്കരിക്കാനാണെന്ന ആരോപണവും നിലനിന്നിരുന്നു.