കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്ന ശശി തരൂർ എം പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടി ചെന്നൈയിലെത്തിയ ശശി തരൂർ നടത്തിയ യോഗത്തിൽ പങ്കെടുത്തത് വെറും പന്ത്രണ്ട് പ്രതിനിധികൾ മാത്രം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 700 ൽ അധികം വോട്ടുകളുണ്ട്. ഇവരുടെ പിന്തുണ തേടിയാണ് കോൺഗ്രസിൻ്റെ ചെന്നൈയിലെ ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ തരൂർ എത്തിയത്.
എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ ഭയപ്പെടുന്നവർക്ക് അത് വലിയ നഷ്ടമായിരിക്കും എന്നായിരുന്നു തരൂരിൻ്റെ പ്രതികരണം. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മല്ലികാർജുൻ ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥി എന്ന മിഥ്യാ ധാരണ തങ്ങൾ ഇല്ലാതാക്കും. സംസ്ഥാന നേതാക്കളെ ശാക്തീകരിക്കും. ശക്തമായ സംസ്ഥാന നേതൃത്വം കോൺഗ്രസിന് ശക്തമായ അടിതത്തറ നൽകും. ജവഹർലാൽ നെഹ്റു ശക്തനായ പ്രധാനമന്ത്രിയായിരുന്ന അൻമ്പതുകളിലും അറുപതുകളിലും തമിഴ്നാട്ടിൽ കാമരാജ്, ബംഗാളിൽ ബിസി റോയി, അതുല്യ ഘോഷ്, മഹാരാഷ്ട്രയിൽ എസ്കെ പാട്ടീൽ, വൈബി ചവാൻ, ഉത്തർപ്രദേശിൽ ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ ശക്തരായ മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളും കോൺഗ്രസിനുണ്ടായിരുന്നു. ശക്തരായ സംസ്ഥാന നേതാക്കളുടെ എത്രയോ ഉദാഹരണങ്ങൾ നമുക്കുണ്ട്, ഇതെല്ലാം കോൺഗ്രസിന് നേട്ടമാണുണ്ടാക്കിയിട്ടുള്ളത്. ബിജെപിയിലെ മുൻ കോൺഗ്രസ് നേതാക്കളെ തിരിച്ചുവിളിക്കുമെന്നും ശശി തരൂർ പറഞ്ഞു.
ശശി തരൂർ നേരത്തെ തെലുങ്കാനയിൽ സംഘടിപ്പിച്ച യോഗത്തിലും മുതിർന്ന നേതാക്കളാരും പങ്കെടുത്തിരുന്നില്ല. തരൂർ നാമനിർദേശ പത്രിക പിൻവലിക്കണമെന്നായിരുന്നു തെലുങ്കാന പിസിസി ആവശ്യപ്പെട്ടത്. കേരളത്തിലെ മുതിർന്ന നേതാക്കളും തരൂരിന് എതിരാണ്. കഴിഞ്ഞ ദിവസം മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.