ഗുജറാത്തിൽ കഴിഞ്ഞ ദിവസം രാജിവെച്ച കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ജുനഗഢിലെ വിസവഡാർ മണ്ഡലത്തിലെ എംഎൽഎയായിരുന്ന ഹർഷദ് റിബാഡിയയാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ കമലത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേലയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
ജുനഗഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെഹ്സാന താലൂക്ക് കോൺഗ്രസ് പ്രസിഡന്റ് തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.
ചൊവ്വാഴ്ചയാണ് നിയമസഭാ സ്പീക്കർ നിമാബെൻ ആചാര്യക്ക് ഹർഷദ് റിബാഡിയ രാജിക്കത്ത് സമർപ്പിച്ചത്. ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ, മുൻ കോൺഗ്രസ് എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു.
കഴിഞ്ഞ മെയ് മാസം ഗുജറാത്ത് കോൺഗ്രസിലെ പ്രധാന ദളിത് മുഖവും പാർട്ടി എംഎൽഎയുമായിരുന്ന അശ്വിൻ കോട്വാൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 2017-ലെ തിരഞ്ഞടുപ്പിൽ 77 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന് 15 എംഎൽഎമാരുടെ രാജികളെത്തുടർന്ന് ഇപ്പോൾ 62 പേരെയുള്ളു. 2017ൽ 99 എം.എൽ.എ.മാരുണ്ടായിരുന്ന ബിജെപിക്ക് സഭയിൽ 111 അംഗങ്ങളുമായി.
ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ. കൂടി രാജിവെച്ചു; ബിജെപിയില്‍ ചേരും