കൊൽക്കത്തയിൽ സിപിഎം ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂൽ കോൺഗ്രസുകാർ നശിപ്പിച്ചു. ദുർഗാ പൂജാ ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയ സ്റ്റാളാണ് സംഘമായി എത്തിയ തൃണമൂൽ പ്രവർത്തകർ അടിച്ചു നശിപ്പിച്ചത്. മമത സർക്കാർ നടത്തിയ അഴിമതികൾക്കും അക്രമത്തിനുമെതിരായി അവിടെ പതിച്ചിരുന്ന പോസ്റ്ററുകളും തൃണമൂൽ പ്രവർത്തകർ കീറി കളഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയും പോലീസിനെ ഉപയോഗിച്ച് സർക്കാർ തടഞ്ഞു.
പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സിപിഎം കൊൽക്കത്ത ജില്ലാ സെക്രട്ടറി കലോൾ മജുംദാർ, പ്രമുഖ അഭിഭാഷകനും രാജ്യസഭായംഗവുമായ വികാസ് ഭട്ടാചര്യ, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ കമലേഷ് ഭട്ടാചര്യ എന്നിവരുൾപ്പടെ നിരവധി നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രതിഷേധം ശക്തമാക്കിയതോടെ അറസ്റ്റു ചെയ്തവരെ പോലീസ് വിട്ടയച്ചു. തുടർന്ന് തകർത്ത സ്റ്റാൾ പുന:സ്ഥാപിക്കുകയും സ്റ്റാൾ തകർത്തതിന് തൃണമൂൽ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്കയും ചെയ്തു.