പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ‘ഭാരതീയ രാഷ്ട്ര സമിതി’ എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. നിലവിലെ ടി ആർ എസ് പാർട്ടിയുടെ പേരും ഇതോടെ മാറ്റിയിട്ടുണ്ട്. മുഹൂർത്ത സമയമായ 1.19 നായിരുന്നു പ്രഖ്യാപനം. മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിൻ്റെ ഭാഗമായാണ് പുതിയ പാർട്ടിയുടെ രൂപീകരണം.
2018 മുതൽ തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ടു ദില്ലിയിൽ ഒരു പൊതുസമ്മേളനം നടത്താനുള്ള നീക്കങ്ങളും ആരംഭിക്കുന്നുണ്ടെന്നാണ് സൂചന. നവംബർ നാലിന് നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതെരഞ്ഞെടുപ്പാണ് ചന്ദ്രശേഖര റാവുവിൻ്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി തെരഞ്ഞെടുപ്പുകളിലും പാർട്ടി മത്സരിച്ചേക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തുള്ള തെരഞ്ഞെടുപ്പുകളിലേക്കും പാർട്ടി മത്സരിച്ചേക്കും.