തെഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗനിർദേശങ്ങളിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങളോടൊപ്പം അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത് സംബന്ധിച്ചുള്ള നിർദേശം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. എന്നാൽ ഈ നിർദേശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി.
നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ പോകുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടർമാരെ അറിയിക്കാനും നിർദ്ദേശിക്കുന്നു എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കടന്നുകയറുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശത്തോട് പ്രതികരിച്ചത്.
രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെ അടുത്തിടെ പ്രധാനമന്ത്രി പരിഹസിച്ചതിന് സമാനമായ അഭിപ്രായമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എന്ന് മനസിലായതായി രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസിൻ്റെ പാർലമെന്ററി നേതാവ് ഡെറക് ഒബ്രിയൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങൾ വാഗ്ദാനം നല്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പരിഹസിച്ചിരുന്നു. ഈ റെവിഡി സംസ്കാരം രാജ്യത്തിൻ്റെ വികസനത്തിന് വളരെ അപകടകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം.