കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രിയായ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. വീടിൻ്റെ ഗേറ്റ് പോലീസ് ഉദ്യോഗസ്ഥർ പൂട്ടിയെന്ന് ചിത്രം സഹിതം അവർ ട്വിറ്ററിൽ കുറിച്ചു. ഒരു അനുയായിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി പത്താനിലേക്ക് പുറപ്പെട്ട തന്നെ വീട്ടുതടങ്കലിൽ പുറത്ത് ഇറങ്ങാൻ പോലീസ് അനുവദിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഒരു മുൻ മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥയെന്താകുമെന്ന് അവർ ചോദിച്ചു. അമിത്ഷായെയും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും മെൻഷൻ ചെയ്തായിരുന്നു മെഹ്ബൂബ മുഫ്തിയുടെ കുറിപ്പ്.
എന്നാൽ മെഹ്ബൂബ മുഫ്തിയ്ക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗർ പോലീസ് അവകാശപ്പെട്ടു. പത്താനിലേക്ക് ഒരു മണിക്കാണ് പോകുകയെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഗേറ്റ് ബംഗ്ലാവിൽ താമസിക്കുന്നവരുടെ പൂട്ടു കൊണ്ടാണ് പൂട്ടിയതെന്നും അതുകൊണ്ടു തന്നെ അവിടെ ഒരു തരം നിയന്ത്രണവുമില്ലെന്നും അവർ സഞ്ചരിക്കാമെന്നും ശ്രീനഗർ പോലീസ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ പോലീസിൻ്റെ ട്വീറ്റിന് മറുപടിയുമായി മെഹബൂബ മുഫ്തി വീണ്ടും ട്വിറ്ററിൽ പ്രതികരിച്ചു. പത്താനിലേക്ക് പോകാനാകില്ലെന്ന് ബാരമുള്ള എസ് പി ഭത്തെയയാണ് ഇന്നലെ രാത്രി തന്നെ അറിയിച്ചതെന്നും ഇന്ന് വീടിൻ്റെ അകത്ത് നിന്ന് ജമ്മുകശ്മീർ പോലീസാണ് ഗേറ്റ് പൂട്ടിയതെന്നും ഇപ്പോൾ പച്ചക്കള്ളം പറയുകയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. നിയമ നിർവഹണ ഏജൻസികൾ അവരുടെ തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി.