കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ എം പി. തെരഞ്ഞെടുപ്പിൽ ധൈര്യമുളളവർ ഇഷ്ടപ്രകാരം വോട്ട് ചെയ്യുമെന്നും, ധൈര്യമില്ലാത്തവർ ആരെങ്കിലും പറയുന്നത് കേട്ട് വോട്ടുചെയ്യുമെന്നും തരൂർ പറഞ്ഞു. മനഃസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നത്. തൻ്റെ പത്രിക പിൻവലിക്കാൻ രാഹുൽ ഗാന്ധിയോട് ചിലർ ആവശ്യപ്പെട്ടുവെന്നും എന്നാൽ താനത് ചെയ്യില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തെലുങ്കാന പി സി സി തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി ചിന്താ മോഹൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ്, തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.
താൻ ജി 23ൻ്റെ പ്രതിനിധിയല്ല. ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന് പലരും പറയുന്നു. അത് നേതൃത്വം പരിശോധിക്കണം. പാർട്ടിയുടെ ഗുണത്തിനായാണ് താൻ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രവർത്തക വികാരം പ്രതിഫലിക്കുമെന്നും ശശി തരൂർ പറഞ്ഞു.
നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മല്ലിഗാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സ്ഥാനാർത്ഥികളെ പരസ്യമായി പിന്തുണക്കരുതെന്ന എഐസിസിയുടെ തെരഞ്ഞെടുപ്പ് മാനദണ്ഡത്തിന് വിരുദ്ധമായായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. കേരളത്തിൽ പര്യടനത്തിനെത്തിയ തരൂർ സുധാകരൻ്റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കിയിരുന്നു. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നുമായിരുന്നു തരൂരിൻ്റെ പ്രതികരണം.