കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ശശി തരൂർ എതിർ സ്ഥാനാർത്ഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയെ പൊതു സംവാദത്തിന് വെല്ലുവിളിച്ചു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെ സംവാദത്തിന് തയ്യാറായില്ല. ഖാർഗെയെപ്പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാനാകില്ലെന്ന് നാഗ്പുരിൽ പ്രചാരണത്തിനെത്തിയ തരൂർ പറഞ്ഞു.
നേരത്തെ കോൺഗ്രസിൻ്റെ നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തിയുള്ളവർ മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യട്ടേയെന്നും, പാർട്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളവർ തനിക്ക് വോട്ട് ചെയ്യണമെന്നും തരൂർ പറഞ്ഞിരുന്നു. എവിടെയോ തീരുമാനിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണം. ഹൈക്കമാൻഡ് സംസ്ക്കാരം അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ ആരെയും എതിർക്കാനല്ല പാർടിയെ ശക്തിപ്പെടുത്താനാണ് മത്സരിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഒരാൾക്ക് ഒരു പദവി എന്ന നയത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരുന്നു. ജി 23 നേതാക്കളുടെ പിന്തുണയും മല്ലിഗാർജ്ജുൻ ഖാർഗെയ്ക്കുണ്ട്. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മല്ലിഗാർജ്ജുൻ ഖാർഗെയെ പിന്തുണച്ചു. തരൂർ സമ്പന്ന വിഭാഗത്തിൽപ്പെടുന്നയാളാണ്. ഖാർഗെയ്ക്ക് ഏറെ അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ തരൂരിനെ ഖാർഗെയുമായി താരതമ്യം ചെയ്യാനാകില്ല. ഖാർഗെ ഏകപക്ഷീയമായ വിജയം നേടുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു.