എവിടെയോ തീരുമാനിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണമെന്ന് ശശി തരൂർ. ഹൈക്കമാൻഡ് സംസ്ക്കാരം അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്‌തിയുള്ളവർ മല്ലികാർജുൻ ഖാർഗെയ്‌ക്ക് വോട്ട് ചെയ്യട്ടേയെന്നും പാർടി വ്യത്യസ്‌തമായ രീതിയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളവർ തനിക്ക് വോട്ട് ചെയ്യണമെന്നും തരൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വത്തിനെതിരെ തരൂർ പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെനന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ഉൾപ്പെടെ തനിക്ക് അർഹതപ്പെട്ട അവസരം നൽകുന്നില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ എ കെ ആൻ്റണി ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡൽഹിയിൽ നിന്നാണ്. സോണിയാ ഗാന്ധിയുടെ ഒപ്പ് ഇല്ലെങ്കിൽ ഒരു ജില്ലാ അധ്യക്ഷനെ നമുക്ക് മാറ്റാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻ്റെ റോൾ എന്താണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുറച്ച്കൂടി ശക്തിയും അധികാരവും നൽകണമെന്നും ശശി തരൂർ പറഞ്ഞിരുന്നു.
അതേസമയം ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയും തരൂർ പ്രചാരണം ഊർജിതമാക്കി. കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി 23 നേതാവായ തരൂർ കോൺഗ്രസിലെ കുടുംബ വാഴ്ച്ചയ്ക്കിതിരെയാണ് മത്സരിക്കുന്നത്. എന്നാൽ ജി 23 നേതാക്കൾ പിന്തുണയ്ക്കുന്നത് ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയെയാണ്.